ഹേമ കമ്മറ്റി റിപ്പോർട്ടിലെ കരട് നിർദേശം പുറത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സാംസ്‌കാരിക വകുപ്പിന്റെ കരട് നിർദേശം പുറത്ത്. സിനിമ മേഖലയുടെ പ്രവർത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റിൽ മദ്യം പൂർണമായി തടയുന്നതും സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങൾ നിർദേശത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്ത് വിടണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും റിപ്പോർട്ട് പൂർണമായി പുറത്ത് വിടേണ്ടെന്ന നിലപാടിലാണ് സാംസ്‌കാരിക വകുപ്പ്. റിപ്പോർട്ട് പുറത്ത് വിടേണ്ടെന്ന് നിർദേശിച്ചത് ജസ്റ്റിസ് ഹേമ തന്നെയാണെന്ന് സാംസ്‌കാരിക വകുപ്പ് വിശദീകരിക്കുന്നു.
സിനിമയിൽ തുല്യ ജോലി ചെയ്യുന്ന സ്ത്രീകൾക്കും പുരുഷനും തുല്യവേതനം നൽകണമെന്നതാണ് സുപ്രധാന നിർദേശം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഷൂട്ടിംഗ് സെറ്റുകളിൽ നിന്ന് ഒഴിവാക്കും. കൃത്യമായ കരാർ വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കാൻ ഫിലിം കമ്പനികൾ തയാറാകണം. സ്ത്രീകൾക്ക് ഷൂട്ടിംഗ് സെറ്റുകളിൽ നിന്ന് താമസ സ്ഥലത്തേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണം. സെറ്റുകളിൽ സ്ത്രീകൾക്കെതിരെ മോശം പരാമർശമുണ്ടായാൽ നടപടി വേണം. സ്ത്രീകളോട് മാന്യമായി മാത്രം എല്ലാവരും പെരുമാറണമെന്നും നിർദേശമുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
