തെരഞ്ഞെടുപ്പ് സമയത്ത് നടത്തി ബിജെപിക്ക് വിജയിക്കാനായാൽ എഎപി രാഷ്ട്രീയം വിടുമെന്ന് കേജരിവാൾ


ഡൽഹി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവച്ച സംഭവത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് നടത്തി ബിജെപിക്ക് വിജയിക്കാനായാൽ എഎപി രാഷ്ട്രീയം വിടുമെന്ന് കേജരിവാൾ പറഞ്ഞു.  ഡൽഹിയിലെ മൂന്ന് കോർപ്പറേഷനുകളെ ഒരുമിപ്പിക്കാനുള്ള ബില്ലിനു കേന്ദ്ര മന്ത്രിസഭ‌ അംഗീകാരം നൽകിയതിനു പിന്നാലെയാണ് കേജരിവാളിന്‍റെ പ്രതികരണം. വടക്ക്, കിഴക്ക്, തെക്ക് കോർപ്പറേഷനുകളാണ് ഒരുമിപ്പിക്കുന്നത്. “ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് തങ്ങളെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ ചെറിയ പാർട്ടിയേയും ചെറിയ തിരഞ്ഞെടുപ്പിനെയും കണ്ട് അവർ ഭയപ്പെടുക‍യാണെന്ന് കേജരിവാൾ പരിഹസിച്ചു. സമയബന്ധിതമായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ ബിജെപിയെ വെല്ലുവിളിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിലൂടെ ബിജെപി രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന രക്തസാക്ഷികളെ അവഹേളിക്കുകയാണ്. ഇന്ന് അവർ തോൽവി ഭയന്ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു, നാളെ അവർ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ മറ്റിവയ്ക്കും− കേജരിവാൾ ട്വീറ്റ് ചെയ്തു.

 ഡൽഹിയിലെ മൂന്ന് കോർപ്പറേഷനുകളെ ഒരുമിപ്പിക്കാനുള്ള ബില്ല് ഇപ്പോൾ നടക്കുന്ന പാർലമെന്‍റെ സ‌മ്മേളനത്തിൽ അവതരിപ്പിച്ചു നിയമമാക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. മുൻപ് ഒറ്റ കോർ‌പറേഷനായിരുന്നതു 2011ലാണു കേന്ദ്രം മൂന്നായി വിഭജിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു മൂന്നു കോർ‌‌പറേഷനുകളും ഒരുമിപ്പിക്കാൻ കേന്ദ്രം തിരക്കിട്ടു തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് തീയതി പ്ര‌‌ഖ്യാപിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസ്ഥാന തെര‌ഞ്ഞെടുപ്പു കമ്മിഷൻ മൂന്നു കോർപറേഷനുകളെയും ഒരുമിപ്പിക്കാൻ കേന്ദ്രം തയാറെടുക്കുന്നുവെന്നും ഈ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പു നടപടികൾ പിന്നീടു നടക്കുമെന്നും അറിയിച്ചു. 1957ലെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ ചട്ടം ഭേദഗതി ചെയ്താണു മൂന്നു കോർപ‌റേഷനുകൾ ഒരുമിപ്പിക്കുന്നത്. നിലവിൽ നോർത്ത്, സൗത്ത് കോർപറേഷനുകൾക്ക് 104 വീതം വാർഡുകളും ഈസ്റ്റ് ഡൽഹിയിൽ 64 വാർഡുമാണുള്ളത്. മൂന്നു കോർപറേഷനും ഭരിക്കുന്നതു ബിജെപിയും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed