കോൺഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തുടരും
കോൺഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. അഞ്ചു സംസ്ഥാനങ്ങളിലെ കനത്ത തോൽവി അവലോകനം ചെയ്യാൻ കൂടിയ കോൺഗ്രസ് പ്രവർത്തക സമിതി സോണിയയുടെ നേതൃത്വത്തിൽ മുന്നോട്ടു പോകാൻ തീരുമാനിച്ചു. തെരഞ്ഞെടുപ്പുഫലം ആശങ്കയുളവാക്കുന്നുവെന്നും തന്ത്രങ്ങൾ പിഴച്ചു പോയി എന്നും യോഗം വിലയിരുത്തി.
സോണിയയും രാഹുലും പ്രിയങ്കയും പദവികൾ ഒഴിയുമെന്ന് ഇന്നലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഗാന്ധി കുടുംബത്തിൽ പൂർണവിശ്വാസമുണ്ടെന്ന് നേതാക്കൾ യോഗത്തിൽ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പ് 23 യിൽ നിന്ന് ഗുലാം നബി ആസാദും ആനന്ദ് ശറമ്മയും മുകുൾ വാസനിക്കും യോഗത്തിൽ പങ്കെടുത്തു.
2019ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് രാഹുൽ അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് സോണിയ താൽക്കാലിക പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടതോടെ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ മുതിർന്ന 23 നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തി. സോണിയ താൽക്കാലിക പ്രസിഡന്റിന്റെ ചുമതല
ഒഴിയണമെന്നും പുതിയ മുഴുവൻ സമയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട് ഇവർ നേതൃത്വത്തിന് കത്ത് നൽകി. എന്നാൽ നേതൃത്വം ഗൗനിച്ചില്ല.

