ചാന്പ്യൻഷിപ്പിൽ മെഡൽ നേടാനായില്ല; ഷൂട്ടിംഗ് താരം ജീവനൊടുക്കി


ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിംഗ് താരം സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ നിലയിൽ. 17കാരിയായ ഖുഷ് സീറത് കൗറിനെയാണ് പഞ്ചാബിലെ ഫരീദ്കോട്ടിലുള്ള സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഈയിടെ അവസാനിച്ച 64ആമത് ദേശീയ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിലെ പ്രകടനത്തിൽ ഖുഷ് സീറത് അതൃപ്തയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സ്വന്തം പിസ്റ്റൾ കൊണ്ട് വെടിയുതിർത്താണ് ഖുഷ് സീറത് ജീവനൊടുക്കിയത്. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ദേശീയ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൻ്റെ വ്യക്തിഗത വിഭാഗത്തിൽ ഒരു മെഡൽ പോലും നേടാൻ ഖുഷ് സീറത്തിനു സാധിച്ചിരുന്നില്ല. അതേസമയം, ടീം ഇനത്തിൽ മെഡൽ നേടാൻ താരത്തിനു സാധിച്ചു. പ്രകടനം മോശമായിരുന്നെങ്കിലും അതിൻ്റെ നിരാശയൊന്നും മകളിൽ കണ്ടില്ലെന്ന് പിതാവ് ജസ്‌വിന്ദർ സിങ് പറഞ്ഞു. താഴത്തെ നിലയിൽ അവൾ പഠിക്കുന്പോഴായിരുന്നു സംഭവം. ഞങ്ങളെല്ലാവരും മുകളിലെ നിലയിൽ കിടന്നുറങ്ങുകയായിരുന്നു. രാവിലെയാണ് സംഭവം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

നീന്തലിലാണ് ഖുഷ് സീറത്ത് കരിയർ ആരംഭിച്ചത്. ദേശീയ തലത്തിൽ മെഡലുകൾ നേടിയ താരം 4 വർഷങ്ങൾക്കു മുൻപ് ഷൂട്ടിംഗിൽ ബിരുദം പൂർത്തിയാക്കി. 2019ൽ ആകെ 11 മെഡലുകളാണ് താരം നേടിയത്.

You might also like

  • Straight Forward

Most Viewed