അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നൽകാൻ വിസമ്മതിച്ച പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നൽകാൻ വിസമ്മതിച്ച പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ. ഡൽഹിയിലാണ് സംഭവം. രാമക്ഷേത്രത്തിന് സംഭാവനയായി 70,000 രൂപ പിരിച്ചു നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് അധ്യാപികയ്ക്കെതിരേ നടപടിയെടുത്തത്. അതേസമയം, അധ്യാപികയുടെ പരാതിയിൽ ഡൽഹി ഹൈക്കോടതി സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു.
അധ്യാപികയെ പുറത്താക്കിയതിന്‍റെയും അച്ചടക്ക നടപടി സ്വീകരിച്ചതിന്‍റെയും കാരണം ആരാഞ്ഞാണ് നോട്ടീസ്. സ്കൂൾ അധികൃതർക്ക് പുറമെ ആർഎസ്എസിന്‍റെ ട്രസ്റ്റായ സമർഥ് ശിക്ഷ സമിതിക്കും നോട്ടീസ് അയച്ചു. 2016ൽ ഭർത്താവിന് ഒരു അപകടം സംഭവിച്ചതുമുതൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. സാന്പത്തിക ഞെരുക്കത്തിനിടയിലും 2100 രൂപ സംഭാവനയായി നൽകി. എന്നാൽ അവർ പ്രതികാര നടപടി തുടരുകയാണുണ്ടായത്. സ്ഥാനത്തുനിന്ന് സ്വയം രാജിവെക്കാനും അല്ലെങ്കിൽ പിരിച്ചുവിടുമെന്നും അറിയിച്ചു− −പരാതിയിൽ പറയുന്നു.