ഇന്ത്യയിൽ 12,830 കോവിഡ് രോഗികൾ കൂടി

ന്യൂഡൽഹി; രാജ്യത്ത് കൊറോണ ബാധിതരിൽ നേരിയ കുറവ്. പുതിയതായി 12,830 കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ ഇതുവരെ രോഗബാധിതരാകുന്നവരുടെ എണ്ണം 3.42 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 446 മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,58,186 ആയി.
നിലവിൽ 1,59,272 സജീവരോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 247 ദിവസത്തെ ഏറ്റവും ചെറിയ നിരക്കാണിത്. 14,667 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3.36 കോടി കടന്നു. 98.2 ശതമാനമാണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 27 ദിവസമായി രണ്ട് ശതമാനത്തിൽ താഴെയാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 1.13 ശതമാനമാണിത്. 1.18 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. ഇതിനോടകം 60.83 കോടിയിലധികം പരിശോധനകൾ രാജ്യത്ത് നടത്തിയതായും ശനിയാഴ്ച മാത്രം 11.3 ലക്ഷം സാന്പിളുകൾ പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 106.14 കോടി വാക്‌സിൻ ഡോസുകളും ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.