ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ പാകിസ്ഥാൻ സൈന്യത്തിന്‍റെ പരിശീലനം ലഭിച്ചതായി ലഷ്കർ ഭീകരൻ

ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ പാകിസ്ഥാൻ സൈന്യത്തിന്‍റെ പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തി ലഷ്കർ ഭീകരൻ. കഴിഞ്ഞ ദിവസം ഉറിയിൽ നിന്ന് പിടിയിലായ അലി ബാബർ എന്ന 19 വയസ്സുകാരനായ പാക് ഭീകരന്‍റേതാണ് വെളിപ്പെടുത്തൽ.
ലഷ്കർ ഇ തൊയ്ബയിൽ ചേരാൻ അന്‍പതിനായിരത്തോളം രൂപ തനിക്ക് ലഭിച്ചെന്നും പിതാവ് മരിച്ചതിന് പിന്നാലെയാണ് ഭീകര സംഘടനയിൽ ചേർന്നതെന്നും അലി ബാബർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പാകിസ്ഥാനിലുള്ള അമ്മയുടെ ഫോൺ നന്പറും മറ്റ് വിവരങ്ങളും അലി ബാബർ സൈന്യത്തിന് കൈമാറിയിട്ടുണ്ട്.
ആറ് പേർ നുഴഞ്ഞു കയറാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈന്യം വളഞ്ഞതോടെ നാല് പേർ പിന്തിരിഞ്ഞോടി. ഒപ്പമുണ്ടായിരുന്ന അനസ് എന്ന ഭീകരനെ സൈന്യം വധിച്ചതോടെയാണ് കീഴടങ്ങിയതെന്നും അലി ബാബർ പറഞ്ഞു.