ടോക്കിയോ പാരാലിന്പിക്‌സ്: ഇന്ത്യയ്ക്ക് സ്വർണത്തിളക്കം
ടോക്കിയോ: ടോക്കിയോ പാരാലിന്പിക്‌സിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം. പുരുഷ വിഭാഗം ബാഡ്മിന്‍റൺ എസ് എച്ച് 6 വിഭാഗത്തിൽ കൃഷ്ണ നഗറാണ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ഹോങ്കോംഗിന്‍റെ കായ് മാൻ ചുവിനെയാണ് തോൽപിച്ചത്. സ്കോർ: 21−17, 16−21, 21−17.
കൃഷ്‌ണ നഗറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തു. ടോക്കിയോയിൽ ബാഡ്‌മിന്‍റണിൽ ഇന്ത്യയുടെ നാലാം മെഡൽ കൂടിയാണിത്. അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം പാരലിന്പിക്സിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 19 ആയി. രാവിലെ ബാഡ്‌മിന്‍റൺ എസ്എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി നേടിയിരുന്നു. ഫൈനലിൽ ഫ്രാൻസിന്‍റെ ലൂക്കാസ് മസൂറിനോട് തോൽവി വഴങ്ങിയാണ് താരം വെള്ളി മെഡൽ നേടിയത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് സുഹാസിന്‍റെ തോൽവി. സ്‌കോർ 21−15, 17−21, 15−21.
