കോഴിക്കോട് വീണ്ടും നിപ്പ; 12 വയസുകാരൻ മരിച്ചു
തൃശൂർ: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട്ട് നിപ ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം ലഭിച്ചത്. ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്.
കുട്ടിയുടെ മൂന്ന് സാന്പിളുകളും പോസിറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രോഗം പടരാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ സന്പർക്ക പട്ടിക തയാറാക്കിയെന്നും ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടിന് പുറമേ കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രത നിർദേശം നൽകിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
