കോൺഗ്രസ്സിൽ സമവായ നീക്കം: വിഡി സതീശൻ ഉമ്മൻചാണ്ടിയെ സന്ദർശിച്ചു
കോട്ടയം: മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയെ കാണാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുതുപ്പള്ളിയിലെ വീട്ടിലെത്തി. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങളിൽ സമവായ നീക്കത്തിന്‍റെ സൂചനകളാണ് ഇത് നൽകുന്നത്. കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുമെന്ന് സതീശൻ ഉമ്മൻചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിർന്ന നേതാക്കളെ എല്ലാവരെയും വീടുകളിൽ പോയി കാണും. നേതാക്കളുടെ ആഗ്രഹങ്ങൾ അനുസരിച്ച് കോൺഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയിൽ തനിക്കും കെപിസിസി പ്രസിഡന്‍റിനും പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ബാധ്യതയുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. പിണക്കമുണ്ടാകുന്പോൾ ഇണക്കത്തിന്‍റെ ശക്തി കൂടുമെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസിൽ പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ഉമ്മൻചാണ്ടിയും മാധ്യമങ്ങളോട് പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായി. അതിൽ തനിക്ക് വേദനയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
