മൈസൂരു കൂട്ടബലാത്സംഗം: 6.30ക്ക് ശേഷം പെൺകുട്ടികൾ‍ പുറത്തിറങ്ങരുതെന്ന് സർക്കുലർ


മൈസൂരു: മൈസൂരുവിൽ‍ കോളേജ് വിദ്യാർ‍ത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാർ‍ത്ഥിനികൾ‍ക്കായി കർ‍ശന നിർ‍ദ്ദേശങ്ങൾ‍ പുറപ്പെടുവിച്ച് മൈസൂർ‍ സർ‍വ്വകലാശാല. വൈകീട്ട് 6.30ന് ശേഷം പെൺകുട്ടികൾ‍ പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് സർ‍വ്വകലാശാല പുറപ്പെടുവിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് ഇതിനായി നിരത്തുന്ന കാരണം.

അതേസമയം ആൺ‍കുട്ടികൾ‍ക്കായി യാതൊരുവിധ നിർ‍ദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെൺകുട്ടികൾ‍ പോകുന്നത് വിലക്കിയാണ് യൂണിവേഴ്‌സിറ്റി രജിസ്റ്റാർ‍ ഓർ‍ഡർ‍ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റീ ജീവനക്കാർ‍ വൈകിട്ട് ആറ് മുതൽ‍ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോൾ‍ നടത്തണമെന്നും സർ‍ക്കുലറിൽ‍ പറയുന്നു.

വിജനമായ സ്ഥലങ്ങളുള്ള ഈ ക്യാന്പസിലെ പെൺ‍കുട്ടികളെക്കുറിച്ചുള്ള ആകുലത പൊലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സർ‍ക്കുലർ‍ ഇറക്കിയതെന്ന് ഐഎഎൻഎസിന് നൽ‍കിയ അഭിമുഖത്തിൽ‍ ഓർ‍ഡറിനെ കുറിച്ച് കോളേജ് വൈസ് ചാൻസലർ‍ പറയുന്നത്. വിജനമായ സ്ഥലത്തേക്ക് പെൺ‍കുട്ടികൾ‍ ഒറ്റയ്ക്ക് പോകരുതെന്നതാണ് സർ‍ക്കുലറുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

ആഗസ്റ്റ് 24ന് രാത്രി ഏഴരയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കിൽ‍ ചാമുണ്ഡി ഹിൽ‍സ് കാണാനെത്തിയ പെൺ‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ബൈക്ക് തടഞ്ഞ് നിർ‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയതിന് ശേഷമാണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ‍ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മൈസുരു അല്ലനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈസുരിലെ സ്വകാര്യ കോളേജിലെ വിദ്യാർ‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ‍ ഉപേക്ഷിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed