വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ വൻ തീപ്പിടുത്തം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ വൻ തീപ്പിടുത്തം. റെയ്‌സി ജില്ലയിലെ കത്രയിലുള്ള ക്ഷേത്രമന്ദിരത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് തീ പടർന്നുപിടിക്കുന്നത് കണ്ടത്. തുടർന്ന് ക്ഷേത്ര അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടത്തിൽ ഭക്തർക്ക് പരിക്കേറ്റിട്ടില്ലെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.