വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്ക്

ന്യൂഡൽഹി : വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ ഇക്കുറിയില്ല. മെയ് രണ്ടിലെയും, മൂന്നിലെയും ആഹ്ലാദ പ്രകടനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.
രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്ന് പിന്നാലെ ഇന്ന് രാവിലെ ചേർന്ന അടിയന്തിര യോഗത്തിലാണ് വിലക്കാൻ തെരഞ്ഞടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം രോഗവ്യാപനം രൂക്ഷമാകാനുള്ള സാദ്ധ്യത പരിഗണിച്ച് നിരവധി മാർഗ്ഗ നിർദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചത്. എന്നാൽ അതൊന്നും തന്നെ പാലിക്കപ്പെടാതിരുന്നത് രോഗവ്യാപനത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഹ്ലാദ പ്രകടനങ്ങൾക്ക് രണ്ട് ദിവസം വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാകും ഉത്തരവ്. ഇത് മദ്രാസ് ഹൈക്കോടതിയെ കാണിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.