കൊറോണ : ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ലോകാരോഗ്യസംഘടന

ജനീവ: രാജ്യത്ത് കൊറോണയുടെ രണ്ടാം വ്യാപനം തീവ്രമായിരിക്കുന്ന സാഹചര്യത്തിൽ മികച്ച പിന്തുണ നൽകി ലോകാരോഗ്യ സംഘടന. ഇന്ത്യയുടെ ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ രാജ്യത്തെത്തിച്ചതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയോസ് അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ജീവനക്കാരെ രാജ്യത്തിന് നൽകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ കൊറോണ വ്യാപനം രൂക്ഷമായത് ഹൃദഭേദമാണ്. ഈ സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ രാജ്യത്തിന് എല്ലാ പിന്തുണയും ലോകാരോഗ്യ സംഘടന നൽകുന്നുണ്ട്. ആയിരക്കണക്കിന് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, മൊബൈൽ ഫീൽഡ് ആശുപത്രികൾ, ലബോറട്ടറി ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രാജ്യത്തെത്തിച്ചു കഴിഞ്ഞു.
തുടർന്നും രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി 2600 ജീവനക്കാരെ ഇന്ത്യയിലേയ്ക്ക് അയയ്ക്കാനാണ് തീരുമാനം. വാക്‌സിനേഷൻ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിക്കാനുള്ള ജീവനക്കാരെയാകും രാജ്യത്തെത്തിക്കുക.