രാജ്യത്ത് 551 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചു


ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 551 പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് പിഎം കെയർ ഫണ്ടിൽ നിന്ന് പണം അനുവദിച്ചു. പ്ലാന്‍റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജില്ലാ ആശുപത്രികളിലാണ് പ്ലാന്‍റുകൾ സ്ഥാപിക്കുന്നത്. ജില്ലാ തലത്തിൽ ഓക്സിജൻ ലഭ്യത വർധിപ്പിക്കുന്നതിന് ഈ പ്ലാന്‍റുകൾ സഹായകമാകുമെന്ന് പിഎം ഓഫീസ് പറഞ്ഞു. ഈ വർഷമാദ്യം 162 പിഎസ്എ ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിനായി പിഎം കെയർ ഫണ്ടിൽ നിന്നും 201.58 കോടി രൂപ വകയിരുത്തിയിരുന്നു. പൊതുജനാരോഗ്യ വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും ആശുപത്രികളിൽ ഓക്സിജൻ ഉത്പാദന സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാനാണ് പ്ലാന്‍റുകൾ സ്ഥാപിക്കുന്നത്. ആശുപത്രികളുടെയും ജില്ലയുടെയും ദൈനംദിന മെഡിക്കൽ ഓക്സിജൻ ആവശ്യങ്ങൾ പരിഹരിക്കാൻ ഉതകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നു രാജ്യത്തെ ആശുപത്രികൾ ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഡല്‍ഹിയിലെ മിക്ക ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ഡൽഹിയിലെ ആശുപത്രിയിൽ 25 രോഗികളാണ് ഓക്സിജൻ ക്ഷാമം മൂലം മരിച്ചത്.

You might also like

Most Viewed