കൊവിഡ് പ്രതിരോധത്തിനിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നിർത്തി
ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരണപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കുന്നു. ഇക്കാര്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. മാർച്ച് 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.അതിനുശേഷം മരിച്ചവരുടെ കുടുംബത്തിന് ഇൻഷുറൻസ് ലഭിക്കില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര സർക്കാർ ഈ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. മരിച്ച ആരോഗ്യപ്രവർത്തകരുടെ വിവരങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും രാജ്യത്ത് കൊവിഡ് ബാധിച്ച് 736 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇതിൽ 287 ഡോക്ടർമാർക്ക് മാത്രമാണ് ഇൻഷുറൻസ് ലഭിച്ചത്.

