റെംഡെസിവറിന്‍റെ ഉൽപാദനം ഇരട്ടിയാക്കുന്നു
ന്യൂഡൽഹി: കോവിഡ് ബാധിതർക്കു നൽകുന്ന ആന്‍റിവൈറൽ കുത്തിവയ്പു മരുന്നായ റെംഡെസിവറിന്‍റെ ഉൽപാദനം ഇരട്ടിയാക്കുന്നു. 15 ദിവസത്തിനകം പ്രതിദിനം മൂന്ന് ലക്ഷമായി ഉൽപാദനം ഉയർത്താനാണു ശ്രമമെന്നു കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
നിലവിലുള്ള 20 പ്ലാന്‍റുകളിൽ നിന്നു ഉൽപാദനം കൂട്ടുന്നതിനൊപ്പം 20 പുതിയ പ്ലാന്‍റുകൾക്ക് അനുമതിയും നൽകി. കോവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളിലും മരുന്നിനു ക്ഷാമമായിട്ടുണ്ട്. റെംഡെസിവർ ഇൻജക്‌ഷന്‍റെ വില കഴിഞ്ഞദിവസം 2000 രൂപയോളം കുറച്ചിരുന്നു. മരുന്നു കയറ്റുമതിയും കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്.

