കുംഭമേളയിൽ പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികൾ; 26 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു
ഡെറാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ ഹരിദ്വാറിൽ ഒരുക്കിയ കുംഭമേളയിൽ പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികൾ. ഹർ കി പൈരിയിലെ ഗംഗാ സ്നാനത്തിന്‍റെ ഭാഗമായത് 21 ലക്ഷം വിശ്വാസികളെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട്. വിവിധയിടങ്ങളിൽ നിന്നുള്ള നിരവധിപ്പേരാണ് കുംഭമേളയിൽ പങ്കെടുക്കാനായി ഇവിടേക്ക് എത്തിയത്. ഇവരെ ഉത്തരാഖണ്ഡ് സർക്കാർ ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്.
വൈകുന്നേരം ആറു വരെ 31 ലക്ഷം പേർ ഗംഗാ സ്നാനം ചെയ്തുവെന്നാണ് കുംഭമേള പോലീസ് കണ്‍ട്രോൾ റൂം തിങ്കളാഴ്ച വിശദമാക്കിയത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ നടന്ന കുംഭമേള വലിയ രീതിയിൽ കോവിഡ് പടരാന്‍ കാരണമാകുമെന്ന് വിമർശനമുയർന്നിരുന്നു. കുംഭമേളയ്ക്ക് എത്തിയവരിൽ കോവിഡ് പ്രൊട്ടോക്കോൾ പാലിക്കപ്പെട്ടില്ലെന്നും ആരോപണമുണ്ട്. റാന്‍ഡം കൊറോണ വൈറസ് പരിശോധന നടത്തിയ 9678 പേരിൽ 26 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 20000 പൊലീസ്, പാരാമിലിട്ടറി സേനയാണ് കുംഭമേളയ്ക്ക് നിയന്ത്രണത്തിനായി നിയോഗിച്ചത്.

