ഡി.എം.കെ നേതാക്കളുടെ ബന്ധുവീടുകളിൽ റെയ്ഡ്; ക്രമക്കേടുകളുടെ തെളിവുകൾ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്
ചെന്നൈ: ഡി.എം.കെ നേതാക്കളുടെ ബന്ധുവീടുകളിൽ നടത്തിയ പരിശോധനകളിൽ ക്രമക്കേടുകളുടെ തെളിവുകൾ കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. എന്നാൽ ഇവിടെ നിന്ന് പണമൊന്നും പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് പറയുന്നില്ല. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിന്റെ മകളുടെ വീട്ടിൽ ഉൾപ്പെടെ ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. മദ്യനിർമാണം, സോളാർ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന ഡി.എം.കെ. നേതാക്കളുടെ ബന്ധുവീടുകളിലാണ് പരിശോധനകൾ നടന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനാണ് പരിശോധനകൾ നടത്തിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. സ്റ്റാലിന്റെ ഏക മകളായ സെന്താമരയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് 25 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് എത്തിയതിന്റെ മണിക്കുറുകൾ മാത്രം മുന്പായിരുന്നു പരിശോധന. സ്റ്റാലിന്റെ മകളുടെ വീട്ടിൽ നിന്ന് 1.36 ലക്ഷം മാത്രമാണ് ഉദ്യോഗസ്ഥർ ലഭിച്ചതെന്ന് ഡി.എം.കെ. എം.പി ആർ.എസ് ഭാരതി പറഞ്ഞിരുന്നു. സ്റ്റാലിന്റെ മരുമകനായ ശബരീശൻ ഡി.എം.കെയുടെ പ്രധാന രാഷ്ട്രീയ ഉപദേശകന് കൂടിയാണ്. ഇവർക്ക് പുറമെ മറ്റ് ചില ഡി.എം.കെ. സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും ബന്ധുവീടുകളിൽ കൂടി പരിശോധനകൾ നടന്നിരുന്നു. കൃത്യമായ വിവരങ്ങൾ ലഭിച്ചതിന്റെ ഭാഗമായിരുന്നു നടപടിയെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

