സമരമുറ മാറ്റി കർഷകർ; രാജ്യവ്യാപകമായി ഇന്ന് ട്രെയിൻ തടയും
ന്യൂഡൽഹി: കർഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം നടത്തും. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാകും പ്രധാനമായും കർഷക സംഘടനകളുടെ നേതൃത്വത്തിൽ ട്രെയിൻ തടയുക. ഉച്ചക്ക് 12 മുതൽ നാല് വരെയാണ് പ്രതിഷേധം. സമരം സമാധാനപരമായിരിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
അതേസമയം, കേരളത്തെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമരത്തിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സുരക്ഷ വർദ്‍ധിപ്പിച്ചിട്ടുണ്ട്. റെയിൽവേ പോലീസിനെ അധികമായി വിന്യസിച്ചു. സമരത്തിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ നിന്നുള്ള ഏതാനും ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ വഴി തിരിച്ച് വിടാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

