ഹൈജാക്ക് മുന്നറിയിപ്പിനെ തുടർന്ന് എയർ ഇന്ത്യയുടെ ഫ്രാങ്ക്ഫർട്ട് - ഡൽഹി വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ട്
ശാരിക
ദുബൈ: ഫ്രാങ്ക്ഫർട്ടിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം വിമാനം തട്ടിക്കൊണ്ടുപോകൽ മുന്നറിയിപ്പിനെ (ഹൈജാക്ക് അലർട്ട്) തുടർന്ന് ഇന്ന് രാവിലെയോടെ ജയ്പൂരിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ട്.
വിമാനത്തിന് നേരെ തട്ടിക്കൊണ്ടുപോകലോ അല്ലെങ്കിൽ നിയമവിരുദ്ധമായ ഇടപെടലുകളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന അന്താരാഷ്ട്ര വ്യോമയാന കോഡായ 'സ്ക്വാക്ക് 7500' (Squawk 7500) സന്ദേശം അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോളിന് ലഭിച്ചതിനെ തുടർന്ന് AI2030 വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
സുരക്ഷാ പരിശോധനകൾക്കായി രാവിലെ 9.45 ഓടെ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്), ലോക്കൽ പോലീസ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് എന്നിവർ വിമാനവും യാത്രക്കാരുടെ ലഗേജുകളും പരിശോധിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യാത്രക്കാരെയും വിമാന ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും എയർപോർട്ട് ടെർമിനലിലെ പ്രത്യേക ഹോൾഡിംഗ് ഏരിയയിലേക്ക് മാറ്റുകയും ചെയ്തതായാണ് വിവരം.
തുടക്കത്തിൽ ബോംബ് ഭീഷണിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, വിമാനം തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത സംബന്ധിച്ചായിരുന്നു മുന്നറിയിപ്പെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
എന്നാൽ ഈ ജാഗ്രതാ നിർദേശത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യഥാർത്ഥത്തിൽ വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ എയർ ഇന്ത്യയോ വിമാനത്താവള അധികൃതരോ ഔദ്യോഗിക പ്രസ്താവനയൊന്നും തന്നെ പുറപ്പെടുവിപ്പിച്ചിട്ടില്ല.
േ്ിേ്ി

