രാജ്യത്ത് വ്യാജപ്രചാരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്
ശാരിക
ന്യൂഡൽഹി: രാജ്യത്തെ അന്തരീക്ഷം തകർക്കുന്ന രീതിയിലും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്‌എസ്ഒ) യൂണിറ്റ് കേസെടുത്തു. വിഷയം ഗുരുതരമായി കണ്ട പോലീസിന്റെ പ്രത്യേക സംഘം ഇതുവരെ നാലിലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയ്‌ക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്നതിന് പിന്നിൽ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളാണെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യക്കാരുടെ വ്യാജ പേരുകളിൽ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 10-ന് നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പിൽ ആളുകൾ കൊല്ലപ്പെട്ടുവെന്ന തരത്തിൽ വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നു. ജനങ്ങൾക്കിടയിൽ അശാന്തി സൃഷ്ടിക്കാൻ ശ്രമിച്ച ഏകദേശം അഞ്ഞൂറോളം സോഷ്യൽ മീഡിയ പോസ്റ്റുകൾ ഔദ്യോഗിക ഇടപെടലിലൂടെ ഇതുവരെ നീക്കം ചെയ്തിട്ടുണ്ട്.
അതേസമയം, തിങ്കളാഴ്ച നടന്ന പ്രതിപക്ഷ പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ നിയമലംഘനങ്ങൾക്കെതിരെയും ഡൽഹി പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 163 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് കണോട്ട് പ്ലേസ്, തിലക് മാർഗ്, ബരാഖംബ, മന്ദിർ മാർഗ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
sdfsdf

