ഇത്തവണ ഉന്നം പിഴയ്ക്കില്ല: മലാലയ്ക്ക് വീണ്ടും വധഭീഷണി
ഇസ്ലാമാബാദ്: നൊബേൽ സമ്മാനജേതാവായ മലാല യൂസഫ്‌സായിയെ വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ വീണ്ടും വധഭീഷണിയുമായി രംഗത്ത്. എഹ്‌സാനുള്ള എസ്ഹാൻ എന്ന ഭീകരനാണ് ട്വിറ്ററിലൂടെ വധഭീഷണി മുഴക്കിയത്. ഇത്തവണ ഉന്നം പിഴയ്ക്കില്ലെന്ന് ഉറുദു ഭാഷയിലുള്ള ട്വീറ്റിൽ പറയുന്നു. നീയും നിന്റെ പിതാവും വീട്ടിലേക്ക് തിരിച്ചുവരണമെന്നും ചില ഒത്തുതീർപ്പുകൾ നടപ്പാക്കാനുണ്ടെന്നും ഈ ട്വീറ്റിൽ പറയുന്നുണ്ട്. ഭീഷണിക്ക് പിന്നാലെ ട്വിറ്റർ ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. 2012ലാണ് ഇയാൾ മലാലയെ വെടിവച്ച് കെല്ലാൻ ശ്രമിച്ചത്. പെഷവാർ സ്‌കൂൾ ഭീകരാക്രമണമുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഇയാളെ 2017ൽ പിടികൂടിയെങ്കിലും 2020ൽ ജയിൽ ചാടുകയായിരുന്നു.
അതേസമയം എഹ്‌സാനുള്ള എങ്ങനെയാണ് സർക്കാരിന്റെ തടങ്കലിൽ നിന്ന് രക്ഷപെട്ടതെന്ന് പാകിസ്താൻ സൈന്യവും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിശദീകരിക്കണമെന്ന് മലാല ട്വീറ്റ് ചെയ്തു. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്കായിരുന്നു എഹ്‌സാന്റെ കസ്റ്റഡി ചുമതല. എഹ്‌സാന്റെ രക്ഷപെടലിനെ കുറച്ച് ആഗോള തലത്തിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. രക്ഷപെട്ടതിന് പിന്നാലെ ഇയാൾ പാകിസ്താൻ മാധ്യമപ്രവർത്തകർക്ക് അഭിമുഖം അനുവദിക്കുകയും ചെയ്തിരുന്നു. ട്വിറ്റർ അക്കൗണ്ട് വഴിയാണ് ആശയവിനിമയം നടത്തിയത്. ഈ അക്കൗണ്ട് പൂർണമായും ഒഴിവാക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് റൗഫ് ഹസൻ പറഞ്ഞു.

