മഹാരാഷ്ട്രയില്‍ പോളിയോ വാക്സിനുപകരം സാനിറ്റൈസര്‍ നല്‍കി; 12 കുട്ടികള്‍ ആശുപത്രിയില്‍
മുംബൈ: മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍. ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള 12 കുട്ടികള്‍ക്കാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കിയത്. സാനിറ്റൈസര്‍ സ്വീകരിച്ച കുട്ടികള്‍ അവശ നിലയിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
യവത്മല്‍ ജില്ലയിലെ ഗന്ധാജി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദേശീയ പള്‍സ് പോളിയോ ദിനമായ ഞായറാഴ്ചയാണ് സംഭവം നടന്നത്. രാവിലെ മുതല്‍ ഗ്രാമപഞ്ചായത്തിലുള്ള കുട്ടികള്‍ക്ക് പോളിയോ നല്‍കിത്തുടങ്ങിയിരുന്നു. എന്നാല്‍ 12 കുട്ടികള്‍ക്ക് പോളിയോക്ക് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസറായിരുന്നു. സാനിറ്റൈസര്‍ ഉള്ളില്‍ ചെന്ന കുട്ടികള്‍ ഛര്‍ദ്ദിക്കുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാനും തുടങ്ങിയതോടെ രാത്രി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

