തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫിസുകൾക്കു നേരേ വ്യാപക ആക്രമണം; ആക്രമണത്തിനു പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്


ഷീബ വിജയൻ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്കു നേരേ വ്യാപക ആക്രമണം. ബേക്കറി ജംഗ്ഷന് സമീപമുള്ള തിരുവനന്തപുരം ഡിസിസി ഓഫിസിനു നേരേയും നെയ്യാറ്റിൻകരയിലെ ആനാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനു നേരേയുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണങ്ങൾ നടന്നത്. സംഭവത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ബേക്കറി ജംഗ്ഷന് സമീപത്തെ ഡിസിസി ഓഫിസിന്റെ മുൻവശത്തെ ജനൽ ഗ്ലാസുകൾ കല്ലേറിൽ തകർന്നു. ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫിസിന് തീയിട്ടതിനെ തുടർന്ന് ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ പൂർണ്ണമായും കത്തിനശിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ശക്തമായ വാക്കേറ്റവും സംഘർഷാന്തരീക്ഷവും നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി ഓഫിസുകൾക്ക് നേരേ ആക്രമണമുണ്ടായത്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന പരിശോധനയിൽ, ആനാവൂരിലെ പാർട്ടി ഓഫിസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

article-image

dsdfsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed