ഉത്തർപ്രദേശിൽ ശ്മശാനം തകർന്ന് 25 മരണം: മൂന്ന് പേർ അറസ്റ്റിൽ


ഗാസിയാബാദ്: ഉത്തർപ്രദേശിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്ന് വീണ് 25 പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മുരദ്‌നഗറിൽ ഇന്നലെ വൈകിട്ടാണ് വൻ അപകടമുണ്ടായത്. ശ്മാനത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം നൽകിയ ഗാസിയാബാദ് നഗരസഭയിലെ എക്‌സിക്യുട്ടീവ് ഓഫീസർ നിഹാരിക സിംഗ്, സൂപ്പർവൈസർ ആശിഷ്, നിർമാണം നടത്തിയ ജൂനിയർ എൻജിനീയർ ചന്ദ്രപാൽ എന്നിവരാണ് അറസ്റ്റിലായത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് രാം നാഥ് കോവിന്ദും മുഖ്യമന്ത്രി യോഗി ആദിത്യനാഥും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് യോഗി ആദിത്യ നാഥ് അറിയിച്ചു.

നിർമ്മാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമെന്ന് മീററ്റ് ഡിവിഷണൽ കമ്മീഷണർ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മീററ്റ് എ.ഡി.ജി.പിയോട് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കനത്ത മഴയെ തുടർന്നാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും സംയുക്തമായി ചേർന്നാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed