രാജ്യത്ത് അഞ്ച് പേർക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ; രോഗികളുടെ എണ്ണം 25 ആയി
ന്യൂഡൽഹി: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി 5 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 25 ആയി ഉയർന്നു. പൂനെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ നാല് പേർക്കും ഡൽഹി സിഎസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇന്നലെ രാജ്യത്ത് 14 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എൻ.സി.ഡി.സി ഡൽഹിയിൽ നടത്തിയ പരിശോധനയിൽ എട്ട് പേർക്കും ബംഗളൂരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ ഏഴ് പേർക്കും രോഗബാധ കണ്ടെത്തി. ഹൈദരാബാദ് സി.സിഎം.ബിയിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. എൻ.ഐ.ജി.ബി കൊൽക്കത്ത, എൻ.ഐ.വി പൂനെ, ഐ.ജി.ഐ.ബി ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒരാൾക്ക് വീതവും രോഗം സ്ഥിരീകരിച്ചു.
നിലവിൽ ഇന്ത്യയിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രോഗികളെ നിരീക്ഷിച്ച് വരികയാണ്. കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ രോഗം കണ്ടെത്തി തടയാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്കും ഇന്ത്യ നീട്ടിയിട്ടുണ്ട്. ബ്രിട്ടണേയും ഇന്ത്യയേയും കൂടാതെ ഡെൻമാർക്ക്, നെതർലാൻഡ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റസർലാൻഡ്, ജർമനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും ജനതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

