ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് ആം ആദ്മി പാർട്ടി. കർഷകസമരനേതാക്കളെ കാണാൻ പോയി തിരികെ എത്തിയ കെജ്‍രിവാളിനെയും വീട്ടിലുള്ള മറ്റാരെയും പുറത്തേക്ക് പോകാനോ, വീട്ടിലേക്ക് ആരെയെങ്കിലും വരാനോ ഡൽഹി പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാൽ ഈ ആരോപണം ഡൽഹി പൊലീസ് നിഷേധിക്കുന്നു. പൊലീസ് പുറത്തുപോകാൻ അനുവദിക്കാത്തതിനാൽ കെജ്‍രിവാളിന്‍റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കി.
എന്നാൽ കെജ്‍രിവാളിന്‍റെ വീട്ടിന് പുറത്ത് ആം ആദ്മി പ്രവർത്തകരും മറ്റ് പാർട്ടിയിലെ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ സുരക്ഷ കൂട്ടിയത് മാത്രമാണെന്നാണ് ഡൽഹി പൊലീസിന്‍റെ വിശദീകരണം. ഇതിന് തെളിവായി കെജ്‍രിവാളിന്‍റെ വീടിന് മുന്നിലെ ഒരു ഫോട്ടോയും പുറത്തുവിടുന്നു. കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കി എന്ന ആരോപണം പൂർണമായും തെറ്റെന്നാണ് ഡൽഹി എസിപി ആന്‍റോ അൽഫോൺസ് വാർത്താ ഏജൻസിയായ എഎൻഐഎയോട് പറയുന്നത്.

