സൈനിക കാന്‍റീനുകളിൽ ഇറക്കുമതി ഉത്പന്നങ്ങൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി


ന്യൂഡൽഹി: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ സൈനിക കാന്‍റീനുകളിൽ വിൽക്കുന്നത് വിലക്കി കേന്ദ്രം. ഈ നിർദേശം രാജ്യത്തെ 4,000 സൈനിക കാന്‍റീനുകളിൽ നൽകിയതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ നിരോധനം വിദേശ മദ്യത്തിനുൾപ്പടെ ഏർപ്പടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സൈനികര്‍ക്കും വിരമിച്ച സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് മദ്യം, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ സൈനിക കാന്‍റീനുകൾ വഴി വിൽക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളില്‍ ഒന്നാണ് സൈനിക കാന്‍റീനുകള്‍. കര, വ്യോമ, നാവിക സേനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ നിർദേശത്തോട് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഏതെല്ലാം വിദേശ ഉത്പന്നങ്ങള്‍ക്കാണ് നിരോധനം എന്നത് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. 

എന്നാല്‍ ഇറക്കുമതി ചെയ്യുന്ന മദ്യവും പട്ടികയിലുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിന്‍റെ ഓഗസ്റ്റിലെ കണക്കുകള്‍ അനുസരിച്ച് സൈനിക കാന്‍റീനുകളിലെ മൊത്തം വില്‍പ്പന മൂല്യത്തിന്‍റെ 6-7 ശതമാനം ഇറക്കുമതി ഉല്‍പ്പന്നങ്ങളാണ്. ഡയപ്പറുകള്‍, ഹാന്‍ഡ് ബാഗുകള്‍, വാക്വം ക്ലീനറുകള്‍, ലാപ്‌ടോപ് തുടങ്ങിയ ചൈനീസ് ഉല്‍പ്പന്നങ്ങളാണ് ഇതിൽ അധികവും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed