ലോക്ക്ഡൗൺ ലംഘനം: നടന്മാരായ സൂരിക്കും വിമലിനുമെതിരെ കേസ്

ചെന്നൈ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കണക്കാക്കാതെ കൊടൈക്കനാലിൽ അടിച്ചുപൊളിക്കാനെത്തിയ തമിഴ് നടന്മാരായ സൂരിക്കും വിമലിനുമെതിരെ പൊലീസ് കേസെടുത്തു. ഈ മാസം പതിനാറിനായിരുന്നു ഇവർ കൊടൈക്കനാലിൽ എത്തിയത്. മധുര, തിരിച്ചിറപ്പളളി സ്വദേശികളായ ഇവരുടെ പക്കൽ ജില്ല വിട്ടുളള യാത്രയ്ക്ക് കരുതേണ്ട ഈ− പാസ് ഉണ്ടായിരുന്നില്ല. ഒപ്പം മറ്റ് അനുമതി പത്രങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നില്ല. തുടർന്നാണ് പൊലീസ് നടപടിയെടുത്ത്. വിനോദസഞ്ചാര കേന്ദ്രത്തിൽ ഇവരെ കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസിനെ കൂടാതെ വനംകുപ്പും ഇവർക്കെതിരെ നടപടിയെടുത്തു. സംരക്ഷിത വനമേഖലയിൽ കടന്നതിന് ഇവരിൽ നിന്ന് 2,000 രൂപ വീതം പിഴ ഈടാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിൽ കൊവിഡ് പടർന്നുപിടിക്കുന്നതിനാൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളുൾപ്പടെ അടഞ്ഞുകിടക്കുകയാണ്. ഇവിടെ സന്ദർശിക്കുന്നതിനും വിലക്കുണ്ട്. ഇതുലംഘിച്ചാണ് ഇരുവരും കൊടൈക്കനാലിൽ എത്തിയത്.