ഹെൽമറ്റ് ധരിക്കാത്തതിന് യുവാവിന്റെ നെറ്റിയിൽ താക്കോൽ കുത്തിക്കയറ്റി പോലീസ്
ഡെറാഡൂൺ: ഹെൽമറ്റ് ധരിക്കാത്തതിന്‍റെ പേരിൽ യുവാവിന്‍റെ തലയിൽ പോലീസ് താക്കോൽ കുത്തിയിറക്കി ഉത്തരാഖണ്ധ് പോലീസ്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഉദം സിംഗ് നഗർ ജില്ലയിലെ രുദ്രപുരിൽ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്ന സിറ്റി പെട്രോൾ യൂണിറ്റിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി. പിന്നീട് ബൈക്ക് യാത്രികരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കു തർക്കമുണ്ടായി.
തുടർന്ന് ബൈക്കിൽ നിന്നും താക്കോൽ തട്ടിപ്പറിച്ചെടുത്ത പോലീസ് താക്കോൽ യുവാവിന്‍റെ നെറ്റിയിൽ കുത്തിയിറക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി സർവ്‍വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
