മഹാരാഷ്ട്ര രാജ്ഭവനിലെ 16 ജീവനക്കാർക്ക് കോവിഡ്; ഗവർണർ ക്വാറന്‍റൈനിൽ
മുംബൈ: മഹാരാഷ്ട്ര രാജ്ഭവനിലെ 16 ജീവനക്കാർക്ക് കോവിഡ്. ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഗവർണർ സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചു. ആവശ്യമായി വന്നാൽ ഗവർണറെ സ്രവ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
ഗവർണറുടെ സ്റ്റാഫ് അംഗങ്ങളിലെ രണ്ട് പേർക്ക് എട്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവരുമായി ബന്ധപ്പെട്ട രാജ്ഭവനിലെ 100 ജീവനക്കാരെ ജെജെ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി. ഇതിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ മുനിസിപ്പൽ അധികൃതർ രാജ്ഭവൻ ജീവനക്കാരുടെ ക്വാർട്ടേഴ്സും ഗവർണറുടെ ഓഫീസും അടച്ചു. അണുനശീകരണത്തിനു ശേഷം മാത്രമേ ഇവ ഇനി തുറക്കൂ.

