വീണ്ടും റിസോർട്ട് രാഷ്ട്രീയം; ഗുജറാത്തിൽ കോണ്‍ഗ്രസ് 65 എംഎൽഎമാരെ മാറ്റി

അഹമ്മദാബാദ്: ഒരു ഇടവേളയ്ക്കുശേഷം രാജ്യത്ത് വീണ്ടും റിസോർട്ട് രാഷ്ട്രീയം. ഗുജറാത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് എംഎൽഎമാർ രാജിവച്ചതോടെയാണ് രാജ്യത്ത് വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് എംഎൽഎമാർ രാജിവച്ചതോടെ കോണ്‍ഗ്രസ് തങ്ങളുടെ 65 എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. ജൂണ്‍ 19ന് നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 182 അംഗ സഭയിൽ ബിജെപിക്ക് 103 എംഎൽഎമാരും ഭാരതീയ ട്രൈബൽ പാർട്ടിക്ക് രണ്ട് എംഎൽഎമാരും എൻസിപിക്ക് ഒരു അംഗവുമാണ് ഉള്ളത്. പത്ത് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
കോണ്‍ഗ്രസ് എംഎൽഎമാരുടെ രാജിയോടെ ബിജെപിക്ക് തങ്ങളുടെ കൂടുതൽ സ്ഥാനാർത്ഥികളെ രാജ്യസഭയിലെത്തിക്കാനുള്ള അവസരമൊരുങ്ങുകയാണ്. അക്ഷയ് പട്ടേൽ, ജിതു ചൗധരി, ബ്രിജേഷ് മെർജ എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. ഇതോടെ നാല് മാസത്തിനിടെ രാജിവച്ച എംഎൽഎമാരുടെ എട്ടായി.