ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകും; കരസേനാ മേധാവി
ന്യൂഡൽഹി: പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ രംഗത്ത്. ഹന്ദ്വാരയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ തിരിച്ചടിക്കും. ഇന്ത്യയിലേക്ക് ഭീകരരെ കടത്തുകയാണ് പാക്കിസ്ഥാന്‍റെ ഒരേയൊരു അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയിൽ ജനങ്ങൾ ബുദ്ധിമുട്ടുന്പോഴും അതിനെതിരേ യുദ്ധം ചെയ്യാനല്ല പാക്കിസ്ഥാന് താൽപര്യമെന്നും കരസേനാ മേധാവി വിമർശിച്ചു. ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ കേണലും മേജറുമടക്കം അഞ്ചു സൈനികരാണ് വീരമൃത്യു വരിച്ചത്. പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ കമാൻഡറെ സുരക്ഷാസേന വധിക്കുകയും ചെയ്തിരുന്നു.

