ചുട്ടുകൊല്ലാൻ ശ്രമിച്ച ഉന്നാവ് പെൺകുട്ടിയുടെ നില അതീവ ഗുരുതരം
ലക്നൗ: ഉത്തർ പ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി നൽകിയ പെൺകുട്ടിയെ ചുട്ടുകൊല്ലാൻ ശ്രമിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ ഇന്നലെ ലക്നൗവിൽ നിന്നും ഡൽഹിയിലെ സഫ്ദർജങ്ങ് ആശുപത്രിയിലെത്തിച്ചിരുന്നു. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല. സംഭവം അന്വേഷിക്കാൻ യു.പി. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൂട്ടബലാത്സംഗത്തിനിരയായി പരാതി നൽകിയതിന്റെ പേരിലാണ് പ്രതിക്കളടങ്ങുന്ന അഞ്ചംഗ സംഘം പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. പീഡനക്കേസിലെ 2 പ്രതികളടക്കം 5 പേർ ചേർന്നു യുവതിയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്. 5 പേരും അറസ്റ്റിലായെങ്കിലും പീഡനക്കേസ് പ്രതികൾക്കു നേരത്തെ ജാമ്യം അനുവദിച്ചതിൽ പ്രോസിക്യൂഷന്റെ വീഴ്ചയെക്കുറിച്ചും ചോദ്യമുയർന്നു കഴിഞ്ഞു. ആശുപത്രിയിലെത്തിയ മജിസ്ട്രേട്ടിനോടു 5 പേരുടെയും പേരുകൾ യുവതി പറഞ്ഞുവെന്നാണു വിവരം.

