കേതൻ അഗർവാൾ വധക്കേസ്: പോളിഗ്രാഫ് ടെസ്റ്റിന് സമ്മതമല്ലെന്ന് പ്രതികൾ; ഇരുവരും ജയിലിലേക്ക്
ഷീബ വിജയൻ
പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാൾ കൊലചെയ്യപ്പെട്ട കേസിൽ പ്രതികളുടെ പോളിഗ്രാഫ് പരിശോധന നടത്തില്ല. കേസിൽ അറസ്റ്റിലായ കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും പരിശോധനയ്ക്ക് തങ്ങൾക്ക് സമ്മതമല്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. പ്രതികളുടെ സമ്മതമില്ലാതെ ഇത്തരം ശാസ്ത്രീയ പരിശോധനകൾ നടത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയും, ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് യെരവാദ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. മലമുകളിൽ നിന്ന് വീണ് കേതൻ മരിച്ച സംഭവം ആദ്യ ഘട്ടത്തിൽ അപകടമരണമായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പോലീസ് അന്വേഷണത്തിൽ, സിയ കാമുകന് മുൻകൂട്ടി നിശ്ചയിച്ച സിഗ്നൽ നൽകിയ ശേഷമാണ് കേതനെ മലമുകളിൽ നിന്ന് തള്ളിത്താഴെയിട്ടതെന്ന് കണ്ടെത്തി. പ്രതികളുടെ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത കോഡ് ഭാഷയിലുള്ള സന്ദേശങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. കേസിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുണ്ടോയെന്ന സംശയത്തിൽ അന്വേഷണം തുടരുന്ന പോലീസ്, സിയ ഒളിപ്പിച്ചുവെച്ചിരുന്ന രണ്ടാമത്തെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
asdsadadsas

