സാമ്പത്തിക തിരിമറി ചോദ്യം ചെയ്തപ്പോൾ അപമാനിച്ചു, പോരാട്ടം പവർ ഗ്രൂപ്പിനെതിരെ: ശ്വേത മേനോൻ


ഷീബ വിജയൻ

താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും വിവാദങ്ങളും പുതിയ തലത്തിലേക്ക്. സംഘടനയിലെ നിസ്സഹായരായ കലാകാരന്മാർക്കായി മാറ്റിവെച്ച ക്ഷേമനിധിയിൽ ചിലർ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ താൻ കണ്ടെത്തിയെന്നും, അത് ചോദ്യം ചെയ്തതു മുതലാണ് തനിക്കെതിരെ ആക്രമണങ്ങളും അപമാനശ്രമങ്ങളും ആരംഭിച്ചതെന്നും 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ വെളിപ്പെടുത്തി. ജനറൽ ബോഡി യോഗത്തിൽ വെച്ച് തന്നെ കയ്യേറ്റം ചെയ്യാൻ വരെ ശ്രമമുണ്ടായതായി താരം ആരോപിക്കുന്നു. സാധാരണക്കാരായ കലാകാരന്മാർക്ക് മരുന്നിനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്താനാണ് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മുൻനിര താരങ്ങൾ തങ്ങളുടെ സമയവും അധ്വാനവും സ്പോൺസേർഡ് പരിപാടികൾക്കായി നീക്കിവെക്കുന്നത്. ഈ തുക നൽകുന്നവരുടെ ജാതിയോ മതവോ പശ്ചാത്തലമോ സംഘടന നോക്കാറില്ല. എന്നാൽ ഈ ഫണ്ടിൽ ചില കുറ്റാരോപിതർ നടത്തിയ തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നതോടെ തന്നെ തകർക്കാനും നിശ്ശബ്ദയാക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണ്. മലയാള സിനിമയിലെ ശക്തമായ 'പവർ ഗ്രൂപ്പി'നെതിരെയാണ് തന്റെ പോരാട്ടമെന്നും, എത്രയൊക്കെ നുണപ്രചാരണങ്ങൾ ഉണ്ടായാലും ഇതിൽ നിന്ന് പിന്നോട്ടില്ലെന്നും ശ്വേത ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കുറ്റവാളികളുടെ തിരിമറികൾക്ക് കൂട്ടുനിൽക്കാനോ ചീത്തപ്പേര് കേൾക്കാനോ താല്പര്യമില്ലാത്തതുകൊണ്ടാണ് മോഹൻലാൽ പോലും പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്നും, സ്ഥാനം നിലനിർത്താനല്ല മറിച്ച് സാധാരണക്കാരായ അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് തന്റെ ശ്രമമെന്നും, ഈ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പിനെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ കഴിഞ്ഞതാണ് തന്റെ വലിയ വിജയമെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

article-image

qdwadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed