പശുവിന്‍ പാലില്‍ സ്വര്‍ണ്ണമെന്ന് ബി.ജെ.പി നേതാവ്, വായ്പ കിട്ടാന്‍ പശുവുമായി കര്‍ഷകന്‍


കൊൽക്കത്ത : പശുവിൻ പാലിൽ സ്വർണമുണ്ടെന്ന ബി.ജെ.പി നേതാവ് ദിലീപ് ഘോഷിന്റെ പ്രസ്താവനക്ക് പിന്നാലെ ഗോൾഡ് ലോണെടുക്കാൻ പശുവുമായി ബാങ്കിലെത്തി കർഷകൻ. പശ്ചിമ ബംഗാളിലെ മണപ്പുറം ബ്രാഞ്ചിലാണ് ലോൺ എടുക്കുന്നതിന് വേണ്ടി കർഷകൻ എത്തിയത്. പാലിൽ സ്വർണം ഉള്ളതുകൊണ്ട് തനിക്ക് ലോൺ ലഭിക്കുമെന്നാണ് ഇയാളുടെ പ്രതീക്ഷ.

ഗോൾഡ് ലോൺ എടുക്കുന്നതിന് വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. അതുകൊണ്ടാണ് എന്റ പശുക്കളേയും കൂടെ കൂട്ടിയത്. പശുവിൻ പാലിൽ സ്വർണമുണ്ടെന്ന് ഞാൻ കേട്ടു. ഞാനും എന്റെ കുടുംബവും പശുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എനിക്ക് ആകെ ഇരുപത് പശുക്കൾ ഉണ്ട്. ലോൺ ലഭിക്കുകാണെങ്കിൽ എന്റെ വ്യാപാരം വിപുലമാക്കാൻ സാധിക്കുമെന്നും കർഷകൻ പറയുന്നു. ഇതിനിടെ, ദിലീപ് ഘോഷിന്റെ പ്രസ്താവനയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ഗരൽഗച്ച ഗ്രാമപഞ്ചായത്ത് പ്രധാൻ മനോജ് സിംഗ്. ദിവസേന ആളുകൾ പശുക്കളുമായി വീട്ടിൽ വന്ന് അവരുടെ പശുക്കൾക്ക് എത്ര രൂപ വായ്പ ലഭിക്കുമെന്ന് ചോദിക്കുന്നുവെന്ന് മനോജ് സിംഗ് പറയുന്നു. പശുവിൻ പാലിൽ സ്വർണമുണ്ടെന്ന് പറഞ്ഞ ദിലീപ് ഘോഷിന് നൊബേൽ സമ്മാനം നൽകണമെന്നും മനോജ് സിംഗ് പരിഹസിച്ചു. എല്ലാദിവസവും നിരവധി ആളുകൾ അവരുടെ പശുക്കളുമായി എന്റെ അടുക്കൽ വരുന്നു. തങ്ങളുടെ പശുക്കൾ പ്രതിദിനം 15 മുതൽ 16 ലിറ്റർ വരെ പാൽ നൽകുന്നുവെന്നും അതുകൊണ്ട് ലോൺ ലഭിക്കണമെന്നുമാണ് അവരുടെ ആവശ്യം. ഇതെല്ലാം കേട്ട് എനിക്ക് ലജ്ജയാണ് തോന്നുന്നത്. രാഷ്ട്രീയ നേതാക്കൾ പുരോഗതിയെ കുറിച്ചാണ് ചിന്തിക്കേണ്ടത്. എന്നാൽ ബി.ജെ.പി മതത്തെയും ഹിന്ദുത്വത്തെയും കുറിച്ച് മാത്രമേ  സംസാരിക്കൂവെന്ന് മനോജ് സിംഗ് ആരോപിച്ചു.
ബര്‍ദ്ദനില്‍ നടന്ന ഗോപ അഷ്ടമി ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു പശ്ചിമബംഗാളിലെ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷിന്റെ വിചിത്ര പ്രസ്താവന. പശുവിന്‍ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പശുവിന്‍ പാല് സ്വര്‍ണ നിറത്തിലുള്ളതെന്നുമായിരുന്നു നേതാവ് പറഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed