ചണ്ഡിഗഡ്: അനുയോജ്യനായ വരനെ കണ്ടെത്തിക്കൊടുക്കാമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാതിരുന്ന വിവാഹ ബ്യൂറോയ്ക്ക് കനത്ത പിഴ വിധിച്ച് ഉപഭോക്തൃ കോടതി. ഹരിയാനയിലാണ് സംഭവം. ഫീസായി ഈടാക്കിയ 50,000 രൂപ പലിശ സഹിതവും നഷ്ടപരിഹാരമായി 12,000 രൂപയും കോടിതച്ചെലവുകള്‍ക്കുള്ള തുകയും പരാതിക്കാരന് നല്‍കാന്‍ വിവാഹബ്യൂറോയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം.
മൊഹാലി നഗരത്തില്‍ നിന്നുള്ള സുരീന്ദര്‍ പാല്‍ സിംഗ് ചാഹല്‍ എന്നയാളാണ് പരാതിക്കാരന്‍. ഹരിയാനയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന മകള്‍ക്കു വേണ്ടി പത്രത്തില്‍ പരസ്യം നല്‍കിയതിനെത്തുടര്‍ന്നാണ് വെഡ്ഡിംഗ് വിഷസ് എന്ന വിവാഹ ബ്യൂറോ തന്നെ ബന്ധപ്പെട്ടതെന്ന് പരാതിക്കാരന്‍ പറയുന്നു. ബ്യൂറോയുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച അദ്ദേഹം 50,000 രൂപ നല്‍കി കരാറില്‍ ഒപ്പിട്ടു. റോയല്‍ മെംബര്‍ ക്യാറ്റഗറിയിലാണ് അദ്ദേഹത്തെ ബ്യൂറോ ഉള്‍പ്പെടുത്തിയത്.
ജാട്ട് സമുദായത്തില്‍പെട്ട, ഡോക്ടറായി ജോലി ചെയ്യുന്ന അനുയോജ്യനായ യുവാവിനെ കണ്ടെത്തിക്കൊടുക്കാമെന്നായിരുന്നു ബ്യൂറോ വാഗ്ദാനം ചെയ്തത്. ആദ്യഘട്ടമായി 18 വരന്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നും 9 മാസത്തിനുള്ളില്‍ വിവാഹം നടക്കുമെന്നും കൂടി ബ്യൂറോ ഉറപ്പുപറഞ്ഞിരുന്നു. പക്ഷേ, പറഞ്ഞ സമയത്തിനുള്ളില്‍ അനുയോജ്യമായ വിവാഹാലോചന ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ചാഹല്‍ ബ്യൂറോയുമായുള്ള കരാര്‍ റദ്ദ് ചെയ്തു.
സംഭവം വിവാദമായപ്പോള്‍ ആലോചനകള്‍ കണ്ടെത്തിക്കൊടുക്കാമെന്നു മാത്രമേ തങ്ങള്‍ പറഞ്ഞിരുന്നുള്ളൂ എന്നും 100 ശതമാനം വിജയം വാഗ്ദാനം ചെയ്തിട്ടില്ലെന്നുമായിരുന്നു ബ്യൂറോ നിലപാട്. ഇത് പക്ഷേ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗീകരിച്ചില്ല. അസംബന്ധം നിറഞ്ഞ ന്യായീകരണങ്ങളാണ് ബ്യൂറോ നല്‍കുന്നതെന്ന് ഫോറം അഭിപ്രായപ്പെട്ടു. പരാതിക്കാരന്റെ പണം നഷ്ടപ്പെട്ടതിനുപുറമെ വിലപ്പെട്ട സമയവും പാഴാക്കുകയാണ് ചെയ്തത്. പ്രഫഷണനായ സേവനം പൂര്‍ത്തീകരിക്കുന്നതില്‍ ഏജന്‍സി ദയനീയമായി പരാജയപ്പെട്ടിരി ക്കുകയാണെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് കനത്ത പിഴ നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. 2017 സെപ്റ്റംബര്‍ 26 മുതലുള്ള പലിശ നല്‍കാനും ഉത്തരവിലുണ്ട്. പരാതിക്കാരന് ഇക്കാലയളവില്‍ അനുഭവപ്പെട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടികള്‍ക്കും പീഡനങ്ങള്‍ക്കും പകരമായാണ് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ്.