തെലുങ്കാനയിലെ ആശുപത്രിയിൽ തീപിടിത്തം: നവജാത ശിശു പൊള്ളലേറ്റു മരിച്ചു
ഹൈദരാബാദ്: തെലുങ്കാനയിലെ എൽബി നഗറിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മാസം പ്രായമുള്ള ശിശു പൊള്ളലേറ്റു മരിച്ചു. നാലു കുട്ടികൾക്ക് പൊള്ളലേറ്റു. ആശുപത്രിയുടെ മൂന്നാം നിലയിലുള്ള നവജാത ശിശുക്കളുടെ ഇന്‍റെൻസീവ് കെയർ യൂണിറ്റിലാണ് തീപിടിച്ചത്. ആശുപത്രി അധികൃതർ നൽകിയ അറിയിപ്പനുസരിച്ചു സംഭവ സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് തീയണച്ചത്. ആശുപത്രിയിലുണ്ടായിരുന്നു 48 രോഗികളെ ഒഴിപ്പിച്ചു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നതായി ഹയാത്നഗർ സ്റ്റേറ്റ് ഫെയർ ഓഫീസർ ശ്രീനയ്യ പറഞ്ഞു.

