ഉന്നാവോ അപകടം: കുല്‍ദീപ് സിംഗിനെ ബി.ജെ.പി സസ്‌പെന്റു ചെയ്തു


ലഖ്‌നൗ: ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിംഗ് സെംഗാര്‍ എം.എല്‍.എയെ ബി.ജെ.പി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റു ചെയ്തു. പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയില്‍ സെംഗറിനെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്തായും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടതിനു പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ യു.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
സെംഗാറിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതായി യു.പി ബി.ജെ.പി അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് വ്യക്തമാക്കി. അച്ചടക്ക സമിതിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സെംഗാറിനെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഒന്നും ചെയ്യില്ലെന്നും അധ്യക്ഷന്‍ വ്യക്തമാക്കി. രണ്ടു കേസുകളും സി.ബി.ഐ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരയുടെ കുടുംബത്തിന് യു.പി സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ബലാത്സംഗക്കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കുല്‍ദീപ് സിംഗ് സെംഗാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് പെണ്‍കുട്ടി സുപ്രീം കോടതിക്ക് അയച്ചിരുന്നുവെന്ന് റിപ്പോർട്ട്. ചിലര്‍ തന്റെ വീട്ടില്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചുള്ള കത്ത് പെണ്‍കുട്ടി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്ക്കാണ് അയച്ചിരുന്നത്.  കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ തന്റെ വീട്ടിലെത്തുന്നു. 'ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണം. അല്ലാത്തപക്ഷം കുടുംബത്തെ മുഴുവന്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ജൂലായ് 12ന് അയച്ച കത്തില്‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed