സോൻഭദ്രയിലേക്ക് പോയ തൃണമൂല്‍ സംഘത്തെയും പോലീസ് തടഞ്ഞു


ലക്നോ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു പിന്നാലെ പിന്നാലെ തൃണമൂൽ കോൺഗ്രസ് അംഗങ്ങളെയും പോലീസ് തടഞ്ഞു. സോൻഭദ്രയിലേക്ക് പോകാനെത്തിയ തൃണമൂൽ നേതാവ് ഡെറക് ഒബ്രിയാനെയും മറ്റ് രണ്ട് പേരെയുമാണ് പോലീസ് തടഞ്ഞത്. വാരണാസി വിമാനത്താവളത്തിലാണ് തൃണമൂൽ അംഗങ്ങളെ തടഞ്ഞത്. മിർസാപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും മൂന്ന് പേർക്ക് സോൻഭദ്രയിലേക്ക് പോകാമെന്നും എന്നാൽ തങ്ങളുടെ അവകാശം പോലീസ് തടഞ്ഞുവെന്നും ഡെറക് പറഞ്ഞു. തങ്ങളെ പോലീസ് തടഞ്ഞ വിവരം ഡെറക് വീഡിയോ സന്ദേശത്തിലൂടെയാണ് വെളിപ്പെടുത്തിയത്.അഭിർ രഞ്ജൻ ബിശ്വാസ്, സുനിൽ മോൻഡൽ എന്നിവരാണ് ഡെറകിന് ഒപ്പമുണ്ടായിരുന്നത്.

നിയമാനുസൃതമായി തടയാൻ സാധിക്കില്ലെന്ന് പറഞ്ഞെങ്കിലും ഉന്നത വൃത്തങ്ങളിൽ നിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പോലീസ് ഉദ്യോഗസ്ഥർ തങ്ങളോട് വെളിപ്പെടുത്തിയതെന്നും ഡെറക് കൂട്ടിച്ചേർത്തു.ഇവരെയും മറ്റൊരു ഗസ്റ്റ്ഹൗസിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ സോൻഭദ്രയിൽ സന്ദർശനം നടത്താനെത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് പ്രിയങ്ക. ഇന്ന് രാവിലെയും അവർ ആ നിലപാട് മാധ്യമങ്ങളോട് ആവർത്തിച്ച് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed