നവ്‍ജോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജി വച്ചു
അമൃത്സർ: പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്‍ജോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജി വച്ചു. സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്‍റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് തെരഞ്ഞടുപ്പിന് തൊട്ടുപിന്നാലെ ഒഴിവാക്കിയതുൾപ്പടെ പാർട്ടിയിലെ തമ്മിലടിയുടെ ഭാഗമായാണ് രാജി.
പഞ്ചാബിലെ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടർന്നാണെന്ന് അമരീന്ദർ സിംഗ് നേരത്തേ ആരോപിച്ചിരുന്നു. പാർട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്‍റെ തലയിൽ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു തുടർച്ചയായി മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടു നിന്നു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്‍ബുക്കിൽ ലൈവ് ചെയ്ത് പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പിന്‍റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്താക്കിയത്. ഊർജവകുപ്പിന്‍റെ ചുമതലയാണ് സിദ്ദുവിന് പിന്നീട് നൽകിയത്. പക്ഷേ വകുപ്പിൽ പ്രധാന ചുമതലകളൊന്നും നിർവഹിക്കാൻ സിദ്ദു തയ്യാറായില്ല.

