യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; ഒരു എസ്.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിൽ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ. നേമം സ്വദേശി ഇജാബിനെയാണ് കന്റോൺമെന്റെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോളേജിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന പ്രതികളിൽ ഒരാളാണ് ഇജാബ്. ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യമായി അറസ്റ്റിലാകുന്നയാളാണ് ഇജാബ്. ഇയാൾ എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.
അതേസമയം, പ്രധാനപ്രതികൾ എല്ലാവരും ഇപ്പോഴും ഒളിവിലാണ്. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമായി ഉയരുകയാണ്. പ്രതികൾ എവിടെയെന്ന് പോലീസിന് അറിയാമെന്നും അവരെ സംരക്ഷിക്കുകയാണെന്നും വിദ്യാർത്ഥികൾ തന്നെ ആരോപിക്കുന്നുണ്ട്. ഒളിവിലുളള പ്രതികൾ തിങ്കളാഴ്ച മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോളേജിന് അവധി നൽകി. കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന അഖിലിന്റെ മൊഴി ഇന്ന് പോലീസ് എടുക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇജാബിന്റെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളള അഖിൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. രണ്ട് ദിവസത്തേക്ക് അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും.

