സുഷമാ സ്വരാജ് ഗവർണറാകാൻ സാദ്ധ്യത, സുമിത്രയും ഉമാഭാരതിയും പട്ടികയിൽ
ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഗവർണറാകാൻ സാദ്ധ്യത. ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ഗവർണർമാരുടെ കാലാവധി പൂർത്തിയാവാനിരിക്കെ പുതിയ ഗവർണർമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി നേതൃത്വവുമായി ആലോചിച്ചാണ് പുതിയ ഗവർണർമാരെ നിയമിക്കുക. കാലാവധി പൂർത്തിയാവുന്ന ഗവർണർമാരിൽ ചിലർ തുടരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം പരിഗണിക്കുന്നതും മോദിയും അമിത് ഷായും ചേർന്നായിരിക്കും. പാർട്ടി നേതൃത്വത്തിന്റെ താത്പര്യവും പരിഗണിച്ചേക്കും.
ഇന്ത്യാക്കാരുടെ പ്രിയമന്ത്രി മന്ത്രി സുഷമാ സ്വരാജാണ് പുതുതായി പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖ. ഇത്തവണ സുഷമ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മുൻ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനാണ് പരിഗണിക്കപ്പെടുന്ന മറ്രൊരാൾ. 75 വയസ് കഴിഞ്ഞതിനാലാണ് ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുമിത്രയ്ക്ക് സീറ്ര് നൽകാതിരുന്നത്. കേന്ദ്ര മന്ത്രിമാരായിരുന്ന ഉമാഭാരതി, കൽരാജ് മിശ്ര, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരായിരുന്ന ശാന്തകുമാർ, പ്രേംകുമാർ ധുമൽ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.
രാഷ്ട്രീയ നേതാക്കളെ കൂടാതെ ചില ഉദ്യോഗസ്ഥ പ്രമുഖരും പട്ടികയിലുണ്ട്. കാബിനറ്ര് സെക്രട്ടേറിയറ്രിന് കീഴിലെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് മേധാവിയായിരുന്ന അനിൽകുമാർ അസ്മന, ഐ.ബി മുൻ തലവൻ രാജീവ് ജെയിൻ, മുൻഗാമിയായിരുന്ന ദിനേശ്വർ ശർമ്മ, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എ.കെ ജ്യോതി എന്നിവരും പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന.

