സ്വാശ്രയ ഫീസ് ഘടനയിൽ ഇപ്പോൾ ഇടപെടില്ല: ഹൈക്കോടതിയെ സമീപിക്കാൻ മാനേജ്മെന്റുകളോട് സുപ്രീംകോടതി
ന്യൂഡൽഹി∙ സ്വാശ്രയ ഫീസിൽ തീരുമാനമെടുക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാൻ മാനേജ്മെന്റുകളോട് സുപ്രീംകോടതി. ഫീസ് ഘടനയിൽ ഇപ്പോൾ ഇടപെടില്ല. ഹൈക്കോടതി തീരുമാനത്തിനുശേഷം സുപ്രീംകോടതിയെ സമീപിക്കാനും നിർദേശം. ഹർജി പിൻവലിക്കാൻ മാനേജ്മെന്റുകൾക്ക് സുപ്രീംകോടതി അനുമതി നൽകി.
ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസിനെതിരെയാണ് മാനേജ്‌മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചത്. ധൃതിപിടിച്ച് തട്ടിക്കൂട്ടിയുണ്ടാക്കിയ സമിതി മാനദണ്ഡങ്ങൾ പാലിക്കാതെയും തങ്ങളുടെ ഭാഗം കേൾക്കാതെയുമാണു ഫീസ് നിശ്ചയിച്ചതെന്നാണു മാനേജ്മെന്റുകളുടെ നിലപാട്.
5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെയാണ് പുതിയ വാർഷിക ഫീസായി ജ.രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ അൻപതിനായിരം രൂപയുടെ വർധന വരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത്. മുന്‍വര്‍ഷത്തെ ഫീസില്‍ 10 ശതമാനം വര്‍ദ്ധന വരുത്തിയാണിത്. ഓരോ കോളജിന്റേയും വരവ് ചിലവു കണക്കുകള്‍ പരിശോധിച്ചശേഷമാണ് ഫീസ് നിശ്ചയിച്ചത്. ഓരോ കോേളജും നടത്താനുള്ള ചിലവു അനുസരിച്ച് പ്രത്യേകം പ്രത്യേകം ഫീസാണ് നിശ്ചയിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ ഫീസ് 5.85 ലക്ഷം രൂപയും കൂടിയ ഫീസ് 7.19 ലക്ഷവുമാണ്.

