രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഹണിട്രാപ്പ് വീണ്ടും സജീവമാകുന്നു
ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ചാരപ്രവര്‍ത്തത്തിന്റെ ഭീതി ഇന്ത്യന്‍ സൈന്യത്തെ വീണ്ടും പിടികൂടുന്നു. രണ്ടു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹണിട്രാപ്പ് എന്ന് സംശയിക്കുന്ന ഇന്‍സ്റ്റാഗ്രാം കേന്ദ്രീകരിച്ചുള്ള ചില പ്രൊഫൈലുകളെക്കുറിച്ച് സൈനിക ഉന്നതര്‍ക്കും സൈന്യത്തിലെ പ്രത്യേക വിഭാഗത്തിലുള്ള പട്ടാളക്കാര്‍ക്കും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്‍സ്റ്റാഗ്രാമിലെ 'ഒയേസോമ്യ' എന്ന പ്രൊഫൈലിനെ കരുതിയിരിക്കാനാണ് മുന്നറിയിപ്പ്.
സുന്ദരിയുടെ ചിത്രം ഉപയോഗിച്ചുള്ളതാണ് ഈ പ്രൊഫൈല്‍. ചിത്രവും മുന്നറിയിപ്പില്‍ നല്‍കിയിട്ടുണ്ട്. ഇത് ശത്രു രാജ്യങ്ങളുടെ ഹണിട്രാപ്പ് ആണെന്നും ഇതില്‍ വീഴരുതെന്നും മിലിട്ടറി ഇന്റലിജന്റസിന്റെ ഡയറക്‌ട്രേറ്റ് ഉപദേശിക്കുന്നു. ഹണിട്രാപ്പില്‍ മിലിട്ടറി വിഭാഗത്തിലുള്ളവര്‍ വീണിട്ടുണ്ടോ എന്നും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. 2015 നും 2017 നും ഇടയില്‍ അഞ്ച് കേസുകളാണ് ഹണിട്രാപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാലെണ്ണം കരസേനയുമായും ഒരെണ്ണം വ്യോമസേനയുമായും ബന്ധപ്പെട്ടതായിരുന്നു. നാവികസേനയുടെ പേരില്‍ ഒരു കേസും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.
ജനുവരിയില്‍ സാമൂഹ്യമാധ്യമം പശ്ചാത്തലമാക്കിയുള്ള ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ യ്ക്ക് വിവരം കൈമാറിയ രാജസ്ഥാന്‍കാരനായ സോംബിര്‍ എന്ന സൈനികന്‍ അറസ്റ്റിലായിരുന്നു. രാജസ്ഥാനിലെ ജെയ്‌സാല്‍മറില്‍ നിയോഗിതനായ ഈ സൈനികന്‍ ഫേസ്ബുക്കില്‍ 'അനിക ചോപ്ര' എന്ന പേരില്‍ ഐ.എസ്.ഐ ഉണ്ടാക്കിയിട്ടുള്ള പ്രൊഫൈലില്‍ നിരന്തരം ചാറ്റില്‍ ഏര്‍പ്പെടുകയും തന്റെ യൂണിറ്റിനെ കുറിച്ചും അതിന്റെ നീക്കങ്ങളെ കുറിച്ചും വിവരങ്ങള്‍ കൈമാറിയിരുന്നതായി കണ്ടെത്തി.
അതേസമയം ഇയാള്‍ തീരെ ജൂനിയര്‍ ആയിരുന്നതിനാല്‍ അതീവ ഗൗരവമായ വിവരങ്ങളിലേക്ക് കടന്നിരുന്നില്ല.

