യുപിയിൽ ബൈക്ക് യാത്രികരെ പോലീസ് പരിശോധിക്കുന്നത് തോക്കിന്‍മുനയിൽ നിർത്തി
ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസ് വാഹനപരിശോധനയുടെ ഭാഗമായി രണ്ട് ബൈക്ക് യാത്രികരെ പോലീസ് പരിശോധിക്കുന്ന ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. യാത്രികരെ തോക്കിന്‍മുനയിൽ നിർത്തി, അവർക്കു നേരെ പിസ്റ്റൾ ഉന്നംപിടിച്ചാണ് പോലീസ് നിൽക്കുന്നത്. യാത്രക്കാരുടെ ദേഹപരിശോധനയും പോലീസ് നടത്തുന്നുണ്ട്. ഈ സമയമത്രയും ഇരുകൈകളും തലയ്ക്ക് മുകളിലേക്ക് ഉയർത്തിനിൽക്കുകയാണ് യാത്രക്കാർ.
യു.പിയിലെ ബദയൂമിലാണ് വിവാദമായ വാഹന പരിശോധന നടന്നത. കൊടുഗകുറ്റകൃത്യങ്ങൾക്ക് പേരുകേട്ട നാടാണ് യു.പി. വാഹന പരിശോധനയിൽ ക്രിമിനലുകളുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടാകാതിരിക്കാനാണ് തോക്കിന്‍മുനയിൽ നിർത്തിയുള്ള പരിശോധനം. എന്നാൽ യാത്രക്കാർ ഏറെ ഭയഭീതിയിലാണ് പോലീസ് നടപടിയെ നേരിടുന്നത്. പരിശോധന പോലീസ് തന്നെ വീഡിയോയിൽ പകർത്തുന്നുമുണ്ട്. പോലീസുകാർ സ്വന്തം സുരക്ഷ നോക്കണമെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ആരും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ടെന്ന് ബദയൂൺ എസ്.എസ്.പി അശോക് കുമാർ ത്രിപാഠി പറഞ്ഞു.
ബദയൂണിലെ പ്രധാന റോഡിലും ജങ്ഷനുകളിലുമാണ് പരിശോധന നടന്നത്. ഓരോ ഇടത്തും നാലോ അഞ്ചോ പോലീസുകാരാണ് പരിശോധനയിൽ പങ്കെടുത്തത്.

