മുൻ ഈജിപ്ത് പ്രസിഡണ്ട് കോടതിയിൽ കുഴഞ്ഞ് വീണ് മരിച്ചു
കയ്റോ: ഈജിപ്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് മുർസി (67) കോടതിയിൽ കുഴഞ്ഞു വീണു മരിച്ചു. പട്ടാള ഭരണകൂടത്തിന്റെ തടവിലായ മുർസിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് മരണം. ചാരവൃത്തി കേസിലെ വിചാരണയ്ക്കിടെ കോടതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാളഭരണത്തിന് കീഴിൽ ഏഴു വർഷമായി തടവുശിക്ഷ അനുഭവിച്ച് വരികയായിരുന്നു മുർസി. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഈജിപ്തിൽ അധികാരത്തിലേറിയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടു കൂടിയായിരുന്നു അദ്ദേഹം.
ജനകീയ മുന്നേറ്റത്തെ തുടർന്ന് ഹുസ്നി മുബാറക് 2011 ൽ സ്ഥാനഭൃഷ്ടനായ ശേഷം നടത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുർസിയുടെ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയാണ് മുന്നിലെത്തിയത്. 2012 ജൂൺ 24 നാണ് അദ്ദേഹം പ്രസിഡന്റായി അധികാരമേറ്റത്. മുർസിക്ക് എതിരായ ജനരോഷത്തെയും വൻ പ്രതിഷേധ പ്രകടനങ്ങളേയും തുടർന്ന് ചുമതലയേറ്റ് ഒരു വർഷത്തിനുശേഷം 2013 ൽ പട്ടാളം ഭരണം പിടിച്ചെടുക്കുകയായിരുന്നു.
1951 ഓഗസ്റ്റ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കയ്റോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1982 ൽ കലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985 ൽ ജന്മനാട്ടിലേക്ക് മടങ്ങിയ മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുകയും പ്രസ്ഥാനത്തിൽ സജീവമാവുകയുമായിരുന്നു.

