ജിഷ്ണു പ്രണോയിക്കായി സമരം ചെയ്ത വിദ്യാർത്ഥികളെ മനഃപൂർവ്വം തോൽപ്പിച്ചതായി കണ്ടെത്തൽ
പാലക്കാട്: നെഹ്റു കോളേജിലെ വിദ്യാർത്ഥികളെ മനഃപൂർവം തോൽപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പർ തിരുത്തിയെന്ന് കണ്ടെത്തൽ. റിപ്പോർട്ട് ആരോഗ്യ സർവ്വകലാശാല വിസിക്ക് കൈമാറി. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് സമരം ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പർ തിരുത്തി പ്രാക്റ്റിക്കൽ പരീക്ഷയിൽ തോൽപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
രാജേഷ് എം.എൽ.എ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വിദ്യാർത്ഥികൾ നൽകിയ പരാതി വസ്തുനിഷ്ഠമാണെന്നാണ് കണ്ടെത്തൽ. വിദ്യാർത്ഥികളുടെ പരാതിയ്ക്ക് പിന്നാലെ സർവ്വകലാശാല ഇവർക്ക് മറ്റൊരു പരീക്ഷ നടത്തിയിരുന്നു. ഇതിൽ വിദ്യാർത്ഥികൾ വിജയിച്ചിരുന്നു. ആ സാഹചര്യത്തിലാണ് വിദഗ്ദ്ധ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്.

